വിഴിഞ്ഞം അതിജീവന സമരം നടക്കുന്ന സമരപ്പന്തൽ പൊളിച്ചു നീക്കാൻ ശ്രമം. ജനകീയ സമരം എന്ന പേരിൽ സമരം ചെയ്യുന്നവർ അതിജീവന സമരപന്തലിലേക്ക് എത്തിയവരെ വഴിയിൽ തടയുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. തുറമുഖ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന സമരപ്പന്തൽ പൊളിച്ച് നീക്കാനാണ് ശ്രമം നടന്നത്. അതിജീവന സമരത്തിനായെത്തിയവർക്കും പോലീസിനും നേരെ കല്ലേറു നടന്നു. നിർമ്മാണ സാമഗ്രികളുമായി തുറമുഖത്തിന്റെ നിർമ്മാണം ഈ സമരത്തിനിടയിൽ പുനരാരംഭിക്കുവാൻ ശ്രമിച്ചവരെ തടഞ്ഞതോടെയാണ് സമര സ്ഥലത്ത് സംഘർഷവസ്ഥ രൂപപ്പെട്ടത്.
തുറമുഖ നിർമ്മാണം തുടർന്നുകൊണ്ട് അതിജീവന സമരത്തെ അപ്രസക്തമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിരവധി പേരാണ് സംഘർഷാവസ്ഥയുടെ വിവരമറിഞ്ഞ് സമര സ്ഥലത്തേക്ക് കരമാർഗവും കടൽമാർഗവും ഒഴുകിയെത്തിയത്. സാധനങ്ങളുമായി എത്തിയ വാഹനങ്ങളെ പോർട്ടിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കാതെ മത്സ്യത്തൊഴിലാളികൾ ഇടപെട്ട് വാഹനങ്ങളെ തിരിച്ചുവിട്ടു. സമരത്തിലൂടെ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ നടപ്പിലാക്കുംവരെയും ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സമരസമിതി അറിയിച്ചു.