Daily Verses

26.04.2024
അനുദിന വിശുദ്ധ(ൻ/ർ) : വിശുദ്ധ ക്ലീറ്റസ് പാപ്പ

🧾ഒന്നാം വായന > അപ്പ. പ്രവ. 13 : 26 – 33
സഹോദരരേ, അബ്രാഹത്തിന്റെ സന്തതികളേ, ദൈവഭയമുള്ളവരേ, നമ്മുടെ അടുത്തേക്ക് ഈ രക്ഷയുടെ വചനം അയയ്ക്കപ്പെട്ടിരിക്കുന്നു. ജറുസലെം നിവാസികളും അവരുടെ അധികാരികളും അവനെ അറിയാതെയും എല്ലാ സാബത്തിലും വായിക്കുന്ന പ്രവാചകവചനങ്ങള്‍ ഗ്രഹിക്കാതെയും അവനെ ശിക്ഷയ്ക്കു വിധിച്ചുകൊണ്ട് ആ വചനങ്ങള്‍ പൂര്‍ത്തിയാക്കി. മരണശിക്ഷയര്‍ഹിക്കുന്ന ഒരു കുറ്റവും അവനില്‍ കാണാതിരുന്നിട്ടും അവനെ വധിക്കാന്‍ അവര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു. അവനെക്കുറിച്ച് എഴുതപ്പെട്ടിരുന്നതെല്ലാം പൂര്‍ത്തിയായപ്പോള്‍ അവര്‍ അവനെ കുരിശില്‍നിന്നു താഴെയിറക്കി കല്ലറയില്‍ സംസ്‌കരിച്ചു. എന്നാല്‍, ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു. അവനോടൊപ്പം ഗലീലിയില്‍നിന്ന് ജറുസലെമിലേക്കു വന്നവര്‍ക്ക് അവന്‍ പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവര്‍ ഇപ്പോള്‍ ജനങ്ങളുടെ മുമ്പില്‍ അവന്റെ സാക്ഷികളാണ്. ഞങ്ങള്‍ നിങ്ങളോടു പ്രസംഗിക്കുന്ന സുവിശേഷം ഇതാണ്; പിതാക്കന്‍മാര്‍ക്കു നല്‍കിയിരുന്ന വാഗ്ദാനം യേശുവിനെ ഉയിര്‍പ്പിച്ചുകൊണ്ട് ദൈവം മക്കളായ നമുക്കുനിറവേറ്റിത്തന്നിരിക്കുന്നു. രണ്ടാം സങ്കീര്‍ത്തനത്തില്‍ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ: നീ എന്റെ പുത്രനാണ്. ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി.

🎶പ്രതിവചന സങ്കീർത്തനം>
നീ എന്റെ പുത്രനാണ്‌; ഇന്നു ഞാൻ നിനക്കു ജന്മം നൽകി.

🎚 സുവിശേഷം> യോഹന്നാൻ 14 : 1 – 6
നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം. തോമസ്് പറഞ്ഞു: കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും? യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.