ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അഭ്യർത്ഥനപ്രകാരം 1994-ലാണ് റോമിൽ കുടുംബങ്ങളുടെ ആദ്യ ലോക സമ്മേളനം നടന്നത്. 2000-ൽ റോമിലും പരിപാടി നടന്നു. സാധാരണയായി മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന കുടുംബ സമ്മേളനം ഏറ്റവും അവസാനമായി 2018 ൽ അയർലണ്ടിലെ ഡബ്ലിനിലാണ് നടന്നത്. 2015-ൽ ഫിലാഡൽഫിയയിൽ നടന്ന കുടുംബങ്ങളുടെ ലോക സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പയുടെ കുർബാനയിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ പങ്കെടുത്തത് വലിയ ജനശ്രദ്ധ നേടിയിരുന്നു. 2022-ൽ, COVID പകർച്ച വ്യാധി കാരണമാണ് 2,000 കുടുംബങ്ങളെ മാത്രം ഉൾക്കൊള്ളിച്ച് പരിപാടി പരിമിതപ്പെടുത്താൻ സംഘാടകർ തീരുമാനിച്ചത്.
അതുകൊണ്ടുതന്നെ മുൻ വർഷങ്ങളെ അപേക്ഷിച്ച് കോവിഡിന്റെ പശ്ചാത്തലത്തിൽ അധികം വ്യക്തികളെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ സാധിക്കാത്തതിനാൽ വത്തിക്കാൻ സമൂഹമാദ്ധ്യമങ്ങളിലൂടെ കുടുംബങ്ങളുടെ ലോക മീറ്റിംഗിൽ ഓണ്ലൈനിൽ പങ്കെടുക്കാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. കത്തോലിക്ക കുടുംബങ്ങൾക്ക്, പ്രാദേശികമായി സംഘടിപ്പിക്കപ്പെടുന്ന മീറ്റിംഗുകളിൽ പങ്കെടുക്കുകയോ റോമിലെ പരിപാടികളുടെ ലൈവ് സ്ട്രീമുകളിൽ പങ്കുചേരുകയോ ചെയ്യാം.
കുടുംബങ്ങളുടെ ലോക സമ്മേളനം 2022 ജൂൺ 22 ബുധനാഴ്ച മുതൽ ജൂൺ 26 ഞായർ വരെയാണ് റോമിൽ നടക്കുക. ഫ്രാൻസിസ് പാപ്പയെ കാണാനും വിവാഹത്തെയും വിശ്വാസത്തെയും കുറിച്ചു കേൾക്കുവാനുമുള്ള കുടുംബങ്ങളുടെ അവസരമാണിത്. അന്താരാഷ്‌ട്ര കത്തോലിക്കാ കുടുംബസംഗമം “കുടുംബസ്‌നേഹം: ഒരു തൊഴിലും വിശുദ്ധിയിലേക്കുള്ള പാതയും” എന്ന വിഷയo ആസ്പദമാണിയാവും നടക്കുക.
ജൂൺ 22-ന് ഉച്ചകഴിഞ്ഞുള്ള കുടുംബവർഷാചാരണ സമാപന പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കും.ജൂൺ 25-ന് ശനിയാഴ്ച വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഫ്രാൻസിസ് പാപ്പയുടെ ആഭിമുഖ്യത്തിൽ ദിവ്യബലിയർപ്പിക്കും. ജൂൺ 26-ന് ഞായറാഴ്ച ഫ്രാൻസിസ് പാപ്പ ത്രികാല പ്രാർത്ഥനയിൽ കുടുംബങ്ങളെ അഭിസംബോധന ചെയ്യും. തുടർന്ന് വിവിധ പരിപാടികളോടെയാവും കുടുംബവർഷാചാരണത്തിനു സമാപനം കുറിക്കുക.