തിരുവനന്തപുരം: ഹയർസെക്കൻഡറി വിഭാഗം രജത ജുബിലി ആഘോഷ നിറവിൽ നിൽക്കുന്ന സെന്റ് ജോസഫ്സ് സ്കൂളിന് അഭിമാനമായി ഒരു സംസ്ഥാന അവാർഡ്. 2023 വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് സെന്റ്. ജോസഫ്സ് സ്കൂളിൽ നിന്നുള്ള ജോയി ജോൺ സാറിന്. വിദ്യാഭ്യാസ രംഗത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ മികവും വിവിധ വിവിധ മേഖലകളിൽ നൽകിയ സംഭാവനകളും ആണ് അവാർഡിന് അർഹനാക്കിയത്.
ഹയർസെക്കൻഡറി കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ ശ്രീ. ജോയി ജോൺ പാളയം ഫെറോനയിലെ കാഞ്ഞിരംപാറ ഇടവക അംഗമാണ്. അതിരൂപതയിലെ വിദ്യാഭ്യാസ ശുശ്രൂയിലെ പ്രവർത്തനങ്ങൾക്ക് നിരവധി സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന വ്യക്തികൂടിയാണ് ശ്രീ. ജോയി ജോൺ. പരിശീലന ക്ലാസ്സുകളിലൂടെയും സെമിനാറുകളിലൂടെയും വിദ്യാർത്ഥികളുടെ ഉയർച്ചയും ഭാവിയും രൂപപ്പടുത്തുന്ന പ്രവർത്തനങ്ങൾക്ക് സാർ നല്കി വരുന്ന സംഭാവനകൾ വലുതാണ്.
ആത്മാർത്ഥതയുടെയും അധ്യാപനമികവിന്റെയും സംഘാടനമികവിന്റെയും അംഗീകാരമായി ജോയി ജോൺ സാർ കൈവരിച്ചിരിക്കുന്ന ഈ നേട്ടം സെന്റ്. ജോസഫ് സ്കൂളിനും അഭിമാനം പകരുന്നതായും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. ശ്രീ. ജോയി ജോൺ സാറിന് സെന്റ്. ജോസഫ് സ്കൂളിന്റെയും, വിദ്യാഭ്യാസ ശുശ്രൂഷയുടെയും, തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെയും ആശംസകൾ.