ഹെറിറ്റേജ് കമ്മീഷൻ
തിരുവനന്തപുരം ലത്തീൻ അതിരൂപത
അൽമായ വിവരശേഖരണം
തിരുവനന്തപുരം അതിരൂപതയിൽ കൊച്ചുതുറ ഇടവകയിൽ പരേതരായ ജോസഫ്, ഫിലോമിന ദമ്പതികളുടെ മകളായി 1959 നവംബർ 21 നു ജനിച്ചു. കുട്ടിക്കാലം മുതൽ യേശുവിനുവേണ്ടി മറ്റുള്ളവർക്കായി സേവനം ചെയ്യണം എന്ന ആഗ്രഹം മിഷണറീസ് ഓഫ് ചാരിറ്റി യിൽ ചേരുവാൻ പ്രേരിപ്പിച്ചു. 1977 ജനുവരി 6 ന് മിഷണറീസ് ഓഫ് ചാരിറ്റി സഭയിൽ ചേർന്നു.
1985 ഡിസംബർ 8 ന് നിത്യവ്രത വാഗ്ദാനം സ്വീകരിച്ചു. നിത്യ വ്രത വാഗ്ദാനത്തിന് ശേഷം, ഗോവയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാറ്റർ ഡെയ്-ൽ സാക്രെഡ് സയൻസിൽ ഉപരി പഠനം. തുടർന്ന്, കന്യസ്ത്രികളുടെ പരിശീലക – നോവിസ് മിസ്സ്‌ട്രെസ് ആയി മദർ ഹൌസിൽ ചുമതലയേറ്റു. കൽക്കട്ട റീജിയനിൽ ഉള്ള ബാറൈപുർ, തെങ്കര, കളിഗട്ട്, എന്നീ കോൺവെന്റുകളിൽ വിവിധ വർഷങ്ങളിലായി സേവനം അനുഷ്ഠിച്ചു. മദർ തെരസ ജീവിച്ചിരുന്ന കാലത്തു, മദറിനെ സേവിക്കാനുള്ള ഭാഗ്യവും, മദർ ഹൌസിന്റെ സുപ്പീരിയർ ആകുവാനുള്ള അപൂർവ ഭാഗ്യവും സിസ്റ്ററിനു ലഭിച്ചു.
നീണ്ട 35 വർഷത്തെ കൾക്കട്ടയിലെ സേവനങ്ങൾക്കുശേഷം, 2019 ഡിസംബറിൽ സിസ്റ്റർ നിക്കോൾ എം.സി യെ റാഞ്ചി റീജിയണൽ സുപ്പീരിയർ ആയി നിയമിക്കപ്പെട്ടു. ചുമതല ഏറ്റെടുക്കുന്നതിനു മുൻപ്, 10 വർഷത്തെ ഇടവേളയ്ക്കു ശേഷം 2019 ഡിസംബറിൽ നാട്ടിൽ വരുകയും, കുടുംബങ്ങളെയും, നാട്ടുകാരെയും സന്ദർശിക്കുകയും ചെയ്തു. ജയശീലി, സ്റ്റെല്ല, സേവ്യർ, മരിയ ഗ്ലോറി, ജെനോബി എന്നിവർ സഹോദരങ്ങളാണ്.
2020 ഫെബ്രുവരി 15 ന് റാഞ്ചി റീജിയണൽ സുപ്പീരിയർ ആയി ചുമതല ഏറ്റെടുത്ത്, സേവന പ്രവർത്തനങ്ങളിൽ വ്യാപ്രിതയായി തുടരവേ, 2020 ജൂലൈ 10 ന് ചില ദേഹസ്വസ്ഥതകൾ നേരിട്ടിരുന്നു. കടുത്ത ന്യുമോണിയ കാരണം ആശുപത്രിയിൽ തുടരവേ ആകസ്മികമായി, 2020 ജൂലൈ 27 ന് കർത്താവിന്റെ സന്നിധിയിൽ വിളിക്കപ്പെട്ടു.