പുന്നമൂട് / കോവളം : ‘മന്ന’ പദ്ധതിയുടെ ഭാഗമായി പട്ടിണി രഹിത ഇടവകയായി മാറി പുന്നമൂട് ഇടവക. കഴിഞ്ഞ ആഴ്ച മുതലാണ് ഇടവകയിൽ ഈ പദ്ധതിയിലൂടെ അശരണർക്ക് ഭക്ഷണ വിതരണം ആരംഭിച്ചത്. എല്ലാ ശനിയാഴ്ചകളിലും 15 ഭക്ഷണ പൊതികൾ വിതരണം ചെയ്തു കൊണ്ടാണ് പുന്നമൂട് ഇടവക മന്ന പദ്ധതിയുടെ ഭാഗമായത്.
ഇടവക വികാരി റവ.ഫാ. ജെനസ്റ്റിനിന്റെ നേതൃത്വത്തിലാണ് 75 കുടുംബങ്ങൾ അടങ്ങുന്ന ഇടവക ഈ പുണ്യ കർമ്മത്തിൽ പങ്കാളികളായത്. ഇടവക ജനങ്ങൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് അവരവർ തന്നെ ഭക്ഷണം പാകം ചെയ്താണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്. അശരണരായ ഇടവക അംഗങ്ങൾക്ക് പുറമേ, മറ്റുള്ളവർക്കും കൈത്താങ്ങായി മാറിയിരിക്കുകയാണ് പുന്നമൂട് ഇടവക. എല്ലാ ഇടവകകളും വിശപ്പ് രഹിത ഇടവകകൾ ആക്കുക എന്ന അതിരൂപത അധ്യക്ഷൻ സൂസൈപാക്യം പിതാവിന്റെ ആശയമാണ് മന്ന പദ്ധതി.