കൊച്ചി: ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിന് കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
ദിവ്യബലി മധ്യേ മുഖ്യകാര്മികന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ നിയുക്ത ആര്‍ച്ച് ബിഷപ്പിനെ സ്ഥാനിക ചിഹ്നങ്ങളായ ചുവന്ന തൊപ്പി ധരിപ്പിക്കുകയും അംശവടി കൈമാറുകയും ചെയ്തു. പിന്നീട് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സിംഹാസനത്തിലേക്ക് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ ആനയിച്ചിരുത്തി. തുടര്‍ന്ന് അദേഹം സമാപന ആശീര്‍വാദം നല്‍കുകയും സ്ഥാനാരോഹണ ചടങ്ങില്‍ സന്നിഹിതരായ മുഴുവന്‍ മെത്രാന്മാരുടെയും സ്സ്നേഹാശ്ലേഷം ഏറ്റുവാങ്ങുകയും ചെയ്തു.
കെസിബിസി പ്രസിഡന്റും സീറോ മലങ്കര സഭയുടെ അധ്യക്ഷനുമായ ബസേലിയോസ് മാര്‍ ക്ലിമിസ് കാതോലിക്ക ബാവ, ലത്തീന്‍ സഭയെ പ്രതിനിധീകരിച്ച് കണ്ണൂര്‍ രൂപതാ മെത്രാന് ഡോ. അലക്സ് വടക്കുംതല, സിനഡില്‍ പങ്കെടുക്കുന്ന മെത്രാന്മാര് തിരഞ്ഞെടുക്കപ്പെട്ട വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും പങ്കെടുത്തു.