കെ.സി.എസ്.എൽ. 2022 – 23 അധ്യയനവർഷത്തെ അതിരൂപതാതല പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച തിരുവനന്തപുരം വെള്ളയമ്പലം ആനിമേഷൻ സെൻ്ററിൽ വച്ച് നടന്നു. അതിരൂപത
വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ റവ.ഫാ.ഡയസൺ പരിപാടി ഉദ്ഘാടനം ചെയ്തു. അതിരൂപത കെ.സി.എസ്.എൽ. ഡയറക്ടർ റവ ഫാ നിജു അജിത് ആശംസകളർപ്പിച്ച് വരും വർഷങ്ങളിൽ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റിയും സംസാരിച്ചു. വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളിലെ കലാ സാംസ്കാരിക കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിക്കുന്നതാണ് കെ. സി. എസ്. എൽ-ന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ കെസിഎസ്എൽ ഡയറക്ടർ ഫാ.ഷാജിൻ ജോസ് കുട്ടികളോട് സംവദിക്കുകയും തുടർ പ്രവർത്തനങ്ങൾക്കായി ആശംസകൾ അറിയിക്കുകയും ചെയ്തു. അതിരൂപതയിൽ നിന്ന് സംസ്ഥാന വിദ്യാർത്ഥി പ്രതിനിധിയായ് തെരഞ്ഞെടുക്കപ്പെട്ട കുമാരി ഫെവയെ പരിപാടിയിൽ വച്ച് അനുമോദിച്ചു. കെ.സി.എസ്.എൽ. പ്രസിഡൻ്റ് ഫ്ലോറൻസ് ടീച്ചർക്കൊപ്പം അതിരൂപത സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർത്ഥി പ്രതിനിധികളും അധ്യാപകരും ഉദ്ഘാടന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.