ലോകസമാധാനത്തിനും തീരജനതയുടെ അതിജീവന സമര വിജയത്തിനുമായി ജപമാല റാലി സംഘടിപ്പിച്ച് അതിരൂപത. അതിരൂപതയിലെ മരിയ സംഘടനകളുടെയും ലിജിയൻ ഓഫ് മേരി സംഘടനയുടെയും നേതൃത്വത്തിലാണ് ജപമാല റാലി ഒരുക്കിയത്. അതിരൂപതയിലെ വടക്ക് ഭാഗത്തുള്ള ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ വേളി സൗത്ത് തുമ്പയിൽ നിന്നും, തെക്ക് ഭാഗത്തുള്ള ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ ശംഖുമുഖത്ത് നിന്നും ജപമാല റാലിയായി വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ അങ്കണത്തിൽ എത്തിച്ചേർന്നു.
ജപമാല മാസാചരണത്തിന്റെ സമാപനം ആചരിക്കുന്നതിനൊപ്പമാണ് ലോകസമാധാനവും തീരജനതയുടെ അതിജീവന സമര വിജയവും പ്രത്യേക നിയോഗമായി സമർപ്പിച്ച് പ്രാർത്ഥിക്കാൻ ജനങ്ങൾ അണിനിരന്നത്. തുടർന്ന് ചെറുവെട്ടുകാട് ദേവാലയ അംഗണത്തിൽ ജനങ്ങൾക്കായി ഒരുക്കിയ പൊന്തിഫിക്കൽ ദിവ്യബലിയിൽ അതിരൂപത സഹായം മെത്രാൻ റവ. ഡോ ക്രിസ്തുദാസ് ആർ മുഖ്യ കാർമ്മികനായി. അതിരൂപതയിലെ വൈദിക സന്യസ്ത പ്രതിനിധികൾക്കൊപ്പം മരിയ സംഘടനകളിലെ നിരവധി അല്മായരും ജപമാല റാലിയിലും തുടർന്ന് ഒരുക്കിയ പൊന്തിഫിക്കൽ ദിവ്യബലിയിലും സന്നിഹിതരായി.