കൽപ്പറ്റ: ലത്തീൻ കത്തോലിക്കാ ദിനത്തോടനുബന്ധിച്ച് കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) ആഭിമുഖ്യത്തിൽ നടത്തുന്ന ജനജാഗരം ബോധന പരിപാടികൾക്കു തുടക്കമായി. വയനാട് കൽപ്പറ്റ തിരുഹൃദയ ദേവാലയ ജൂബിലി ഹാളിൽ കെആർഎൽസിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഡിസംബർ 17 വരെ കേരളത്തിലെ എല്ലാ രൂപതകളിലും ജനജാഗരങ്ങൾ സംഘടിപ്പിക്കും. ലത്തീൻ കത്തോലിക്കാ സമുദായം നേരിടുന്ന വിഷയങ്ങളും പ്രാദേശികമായി ഓരോ രൂപതകളും നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളുമുന്നയിച്ചാണ് കെ.ആർ.എൽ.സി.സി കേരളത്തിലെ വിവിധ രൂപതകൾ കേന്ദ്രീകരിച്ച് ജനജാഗരങ്ങൾ സംഘടിപ്പിക്കുന്നത്.
ഡിസംബർ മൂന്നിനാണു ലത്തീൻ കത്തോലിക്കാ ദിനാചരണം. അന്നു സംസ്ഥാനതല പരിപാടി വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ എറണാകുളം ഇൻഫന്റ് ജീസസ് ഓഡിറ്റോറിയത്തിൽ നടത്തും. 2023ലെ കെആർഎൽസിസി അവാർഡുകൾ ഈ സമ്മേളനത്തിൽ വിതരണം ചെയ്യും.