മണ്മറഞ്ഞു പോയ ജനങ്ങളുടെ പൂർവിക സ്മരണയൊരുക്കി പൂന്തുറ സെന്റ് തോമസ് ഇടവകയിലെ കെസിവൈഎം യുവതി യുവാക്കൾ. വർഷങ്ങൾക്കു മുമ്പ് പൂന്തുറ ഇടവകയിലെ സ്ഥലപരിമിതി കണക്കിലെടുത്ത് ഇടവക ശ്മഷാനത്തിലെ കുഴിമാടങ്ങൾ നികത്തുവാൻ തീരുമാനമെടുത്തു. അന്ന് പൂർവികരുടെ സ്മരണ മൺമറഞ്ഞു പോകാതിരിക്കാൻ പൂന്തറ കെസിവൈഎം ‘മറക്കില്ലൊരിക്കലും’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചതിനെ തുടർന്ന് എല്ലാവർഷവും ആത്മാക്കളുടെ ദിനാചരണത്തിൽ മരിച്ചു പോയവരുടെ ചിത്രങ്ങൾ ഒരുമിച്ച് ചേർത്ത് ദിവ്യബലിക്ക് ബലിപീഠ സമീപത്ത് ഒരുക്കുന്നത് പതിവായി മാറിയിരിക്കുകയാണ്.
ഇടവക ജനങ്ങൾ മനസ്സുനിറയുന്ന ഓർമ്മകളോടെ പരേതത്മാക്കളുടെ ഓർമ്മദിനത്തിൽ പങ്കെടുക്കുന്നതും ഇവിടെ ഹൃദ്യംഗമമായ കാഴ്ചയാണ്. ഈ വർഷവും പൂന്തുറ ഇടവക ജനങ്ങൾക്ക് വേണ്ടി മരണം മൂലം വേർപെട്ടു പോയ എല്ലാ സഹോദരങ്ങളുടെയും ചിത്രങ്ങൾ ഒരുമിച്ചുകൂട്ടി ‘മറക്കില്ല ഒരിക്കലും’ സ്മരണ സ്മൃതി കെസിവൈഎം ഒരുക്കി. ദിവ്യബലി അർപ്പിക്കുവാനും മരിച്ച എല്ലാ വിശ്വാസികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതിനും പൂന്തുറ ഇടവകയിലേക്ക് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് കടന്നുവന്നത് ഏറെ വാത്സല്യം നിറഞ്ഞ അനുഭവമാക്കി മാറ്റിയെന്നാണ് ഇടവക ജനങ്ങൾ പറയുന്നത്.