Tuesday, August 9, 2022
Catholic Archdiocesan News Portal
Advertisement
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Episcopal Ordination
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Episcopal Ordination
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Articles

ആനിമസ്ക്രീന്‍ തിരുവിതാംകൂര്‍ സമരചരിത്രത്തിലെ വീരനായിക

var_updater by var_updater
20 July 2020
in Articles, Uncategorised, women
0
0
SHARES
149
VIEWS
Share on FacebookShare on TwitterShare on Whatsapp

—ഇഗ്നേഷ്യസ് തോമസ്

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ധീരതയുടെയും ദേശാഭിമാനത്തിന്‍റെയും പ്രതീകമായ ഝാന്‍സിറാണിയുടെ വീരചരിതം ഭാരതീയരുടെ സ്മരണകളില്‍ ഇന്നും ജ്വലിച്ച് നില്ക്കുന്നു. “സൗന്ദര്യവും ബുദ്ധിയും വ്യക്തിത്വവും ഒരുമിച്ചു ചേര്‍ന്ന ഒരു സ്ത്രീയായിരുന്നു റാണിലക്ഷ്മിഭായ്: ഒരു പക്ഷേ ഇന്ത്യന്‍ നേതാക്കളില്‍ ഏറ്റവും അപകടകാരിയും,” എന്നാണ് ഝാന്‍സി റാണിക്കെതിരെ പടനയിച്ച ബ്രീട്ടീഷ് സൈന്യാധിപന്‍ സര്‍ഹ്യൂഗ്റോസ് റാണിയെ വിശേഷിപ്പിച്ചത്. തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമരചരിത്രത്തിലും ഝാന്‍സിറാണിയെപോലെ പടപൊരുതിയ ധീരവനിതയെന്നാണ് കുമാരി ആനിമസ്ക്രീമിനെ പ്രശസ്ത അഭിഭാഷകന്‍ മള്ളൂര്‍ ഗോവിന്ദപിള്ള വിശേഷിപ്പിക്കുന്നത്. ഉത്തരവാദ പ്രക്ഷോഭത്തിന്‍റെ മുന്‍നിരയില്‍ അചഞ്ചലയായി നിലകൊണ്ട വനിതാരത്നമായിരുന്നു അവര്‍. അടങ്ങാത്ത പോരട്ടവീര്യത്തില്‍ നിന്നുയിര്‍ക്കൊണ്ട ധൈര്യവും നിര്‍ഭയത്വവും കര്‍മ്മശേഷിയും കൊണ്ടായിരിക്കാം, മള്ളൂര്‍ ഝാന്‍സിറാണി എന്നപേര് അവര്‍ക്ക് ചാര്‍ത്തിക്കൊടുത്തത്.
തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ മുന്നണിപോരാളിയും കറകളഞ്ഞദേശ സ്നേഹിയും ആദര്‍ശനിഷ്ഠയുടെ ആള്‍രൂപവുമായിരുന്നു കുമാരി ആനിമസ്ക്രീന്‍. അധികാര രാഷ്ട്രീയത്തിന്‍റെ അകത്തളത്തില്‍ നിലകൊണ്ടപ്പോഴും അഴിമതിയുടെ കറപുരളാത്ത ആദരണീയ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അവര്‍. തിരുവിതാംകൂറിന്‍റെ രാഷ്ട്രീയ നഭസ്സില്‍ തിളങ്ങി നിന്ന ഈ ഉജ്ജ്വല നക്ഷത്രത്തെപ്പറ്റി ആധുനികതലമുറക്ക് വേണ്ടത്ര അറിവുണ്ടാകുമെന്ന് തോന്നുന്നില്ല.

തിരുവനന്തപുരം വഴുതക്കാട് ഗവണ്‍മെന്‍റ് വിമന്‍സ് കോളേജിനടുത്ത് 1902 ജൂണ്‍ 6-ാം തീയതി ലത്തീന്‍ കത്തോലിക്കാ കുടുംബത്തിലാണ് ജനനം. ഗബ്രിയേലും മറിയവുമായിരുന്നു മാതാപിതാക്കള്‍. ഹോളി എയ്ഞ്ചല്‍സ് ഹൈസ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ഗവണ്‍മെന്‍റ് വിമന്‍സ് കോളേജ്, മഹാരാജാസ് കോളേജ് (യൂണിവേഴ്സിറ്റി കോളേജ്) ഗവണ്‍മെന്‍റ് ആര്‍ട്സ് കോളേജ് എന്നീ കലാലയങ്ങളില്‍ പഠിച്ച് എം.എ ഡിഗ്രിനേടി. തുടര്‍ന്ന് ശ്രീലങ്കയിലെ കൊളംബോ സംഘമിത്ര കോളേജില്‍ അദ്ധ്യാപികയായി സേവനം ചെയ്തു. തിരികെ നാട്ടില്‍ മടങ്ങിയെത്തി, ഗവണ്‍മെന്‍റ് ലോകോളേജില്‍ നിയമപഠനം നടത്തി. ബി.എല്‍.ബിരുദം കരസ്ഥമാക്കി. തിരുവനന്തപുരത്ത് വഞ്ചിയൂര്‍ കോടതിയില്‍ സ്വതന്ത്രയായി പ്രാക്ടീസ് തുടങ്ങി; കുറച്ചു നാളുകള്‍ കൊണ്ടു പ്രഗത്ഭ അഭിഭാഷകയെന്ന് പേരെടുത്തു. ഒപ്പം പൊതു പ്രവര്‍ത്തന രംഗത്ത് സജീവമാവുകയും ജനശ്രദ്ധനേടിയെടുക്കുകയും ചെയ്തു. അഖില തിരുവിതാംകൂര്‍ ലത്തീന്‍ ക്രിസ്ത്യന്‍ മഹാജനസഭ എന്ന സമുദായ സംഘടനയില്‍ സജീവ പ്രവര്‍ത്തകയായി. ഹബീബുള്ള ദിവാന്‍ തിരുവിതാംകൂറിലെ ലത്തീന്‍ കത്തോലിക്കരെയും മുസ്ലീങ്ങളെയും അധഃകൃതവര്‍ഗ്ഗമായി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതില്‍ പ്രതിഷേധിച്ച് സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭത്തിന്‍റെ മുന്‍നിരയില്‍ ആനിമസ്ക്രീനും ഉണ്ടായിരുന്നു. ശക്തമായ പ്രക്ഷോഭം ഉയര്‍ന്നതോടെ ഈ ഉത്തരവ് ദിവാന് പിന്‍വലിക്കേണ്ടിവന്നു. 1936 ല്‍ അഖില തിരുവിതാംകൂര്‍ ലത്തീന്‍ ക്രിസ്റ്റ്യന്‍ മഹാജന സഭയുടെ സെക്രട്ടറിയായും ആനി പ്രവര്‍ത്തിച്ചു.
1938 ഫെബ്രുവരി 23 ന് തിരുവനന്തപുരത്ത് പുളിമൂട്ടിലുള്ള രാഷ്ട്രീയ ഹോട്ടലില്‍ സി.വി.കുഞ്ഞുരാമന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിക്ക് രൂപം നല്കി. പട്ടം താണുപിള്ള പ്രസിഡന്‍റും കെ.റ്റി.തോമസ്, പി.എസ്.നടരാജ പിള്ള എന്നിവര്‍ സെക്രട്ടറിമാരായും ആനിമസ്ക്രീന്‍ ഏക വനിതാ മെമ്പറുമായ ഒരു സമിതി നിലവില്‍ വന്നു. മഹാരാജാവിന്‍റെ അധികാരത്തിന്‍ കീഴില്‍ ഉത്തരവാദ ഭരണം നേടിയെടുക്കുന്നതിനുവേണ്ടി പ്രക്ഷോഭണം നടത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് പട്ടംതാണുപിള്ള യോഗത്തില്‍ വ്യക്തമാക്കി. തുടര്‍ന്നങ്ങോട്ടുള്ള സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്‍റെ എല്ലാ യോഗങ്ങളിലും ആനിമസ്ക്രീന്‍ സജീവ പങ്കാളിത്തം വഹിക്കുകയും തിരുവനന്തപുരത്തും ചുറ്റുപാടുകളിലും സംഘടിപ്പിക്കപ്പെട്ട യോഗങ്ങളില്‍ തീപാറുന്ന പ്രസംഗങ്ങള്‍ നടത്തി ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
‘തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമരചരിത്രം,’ എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവായ സി.നാരായണപിള്ള ആനി മസ്ക്രീന്‍റെ മഹിത ജീവിതത്തെ ഇങ്ങനെ അനുസ്മരിക്കുന്നു. “സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ ആരംഭകാലം മുതല്‍ അതിനോട് ബന്ധപ്പെട്ട് അവസാനംവരെ ഉറച്ചുനിന്ന് പ്രവര്‍ത്തിച്ച തിരുവിതാംകൂറിലെ ഏക വനിത മിസ്സ്. ആനിമസ്ക്രീനായിരുന്നു. തിരുവിതാംകൂറിലെ അഭ്യസ്ഥ വിദ്യകളായ സ്ത്രീകള്‍ രാഷ്ട്രീയരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് കുലീനതക്കും മാന്യതയ്ക്കും ഹാനികരമാണെന്ന് വിശ്വസിക്കുകയും എല്ലാ രാഷ്ട്രീയ പ്രക്ഷോഭണങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തില്‍ നിര്‍ഭയം മുന്നോട്ട് വന്ന് ഭാവിയോ ഭവിഷ്യത്തുകളെയോ പറ്റി, യാതൊരു പരിഗണനകളും കൂടാതെ ഗവണ്‍മെന്‍റിനെ എതിര്‍ക്കുന്ന ഒരു സംഘടനയില്‍ അംഗമായി ചേരുകയും ജയില്‍വാസം വരിയ്ക്കുകയും ചെയ്തതിനുള്ള പ്രശസ്തി അവര്‍ക്ക് മാത്രമുള്ളതാണ്. തിരുവിതാംകൂറിലെ ജനങ്ങള്‍ സര്‍.സി.പി.രാമസ്വാമി അയ്യരുടെ മര്‍ദ്ദന ഭരണമാകുന്ന അഗ്നിപരീക്ഷയില്‍കൂടി കടന്ന് പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ സംഘടനയില്‍ പാറപോലെ ഉറച്ച് നിന്ന് സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവരും തന്‍റെ ജീവിതാവശ്യങ്ങള്‍ക്കാശ്രയമായിക്കൊണ്ടിരുന്നവരുമായ കുടുംബാംഗങ്ങളുടെ താല്പര്യങ്ങള്‍ പോലും അവഗണിച്ച് നിരവധിയാതനകളനുഭവിച്ച് രാജ്യസേവനം ചെയ്ത മിസ്സ്.ആനി മസ്ക്രീനെ തിരുവിതാംകൂറിന് വിസ്മരിക്കാന്‍ കഴിയുകയില്ല.” ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം തിരുവിതാംകൂറില്‍ കൊടുമ്പിരികൊണ്ടിരുന്ന സമയത്ത് വനിതാ നേതാവായിരുന്ന ആനി മസ്ക്രീന് നേരെ സി.പി.യുടെ കടന്നാക്രമണം ശക്തമാക്കി. നടുറോഡില്‍ വച്ച് ആനിസ്ക്രീന്‍റെ ഉടതുണി ഉരിഞ്ഞ് മാറ്റാന്‍ സി.പി.യുടെ ഗുണ്ടകള്‍ ധൈര്യം കാട്ടി.
സര്‍ക്കാര്‍ ജീവനക്കാരായ സഹോദരനെയും സഹോദരിയെയും ആനിമസ്ക്രീനോടുള്ള പക തീര്‍ക്കാനെന്നോണം ദൂരെ നാടുകളിലേക്ക് സ്ഥലം മാറ്റി. 1938 ഏപ്രില്‍ 29 ന് രാത്രി വൃദ്ധയായ അമ്മയും ആനിമസ്ക്രീനും മാത്രമേ ഭവനത്തിലുണ്ടായിന്നുള്ളൂ. വീട്ടുസാധനങ്ങളും വസ്ത്രങ്ങളും ബിരുദസര്‍ട്ടിഫിക്കറ്റുള്‍പ്പെടെ കവര്‍ച്ചക്കാര്‍ കൊണ്ടുപോയി. ആനിമസ്ക്രീന്‍ രാത്രി തന്നെ പാളയം പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായ ലത്തീഫിന്‍റെ ഗൃഹത്തിലേക്ക് കാല്‍നടയായി പോയി അദ്ദേഹത്തോട് പരാതിപ്പെട്ടു. പോലീസ് സ്റ്റേഷനില്‍ പരാതി രേഖാമൂലം നല്കാനാവശ്യപ്പെട്ട് അവരെ മടക്കി അയച്ചു. പരാതി രേഖാമൂലം നല്കിയിട്ടും യാതൊരു ഫലവും കണ്ടില്ല. ആനിമസ്ക്രീനെതിരെ നടന്ന ക്രൂരമായ ആക്രമണത്തെ അപലപിച്ച് ഗാന്ധിജി 1939 ഫെബ്രുവരി 18 ലെ ‘ഹരിജനില്‍’ എഴുതുകയുണ്ടായി. കൂടാതെ ‘ദി ബോംബെ ക്രോണിക്കള്‍’, ‘ദി എമ്പയര്‍ടൈംസ്’ എന്നീ പത്രങ്ങളില്‍ ആനിമസ്ക്രീനോട് കാട്ടിയ ക്രൂരതകള്‍ക്കെതിരെ വാര്‍ത്തകള്‍ വന്നു.
സ്ത്രീകളെ സംഘടിപ്പിച്ച് അവരെ സ്വാതന്ത്ര്യ സമര രംഗത്തേക്ക് നയിച്ചും തിരുവിതാംകൂറിലുടനീളം സി.പി.യുടെ മര്‍ദ്ദക ഭരണത്തിനെതിരെ പ്രചരണം നടത്തിയും ധീരതയോടെ അവര്‍ മുന്നോട്ടു പോയി. ചിറയിന്‍കീഴിലും കാട്ടാക്കടയിലും നടത്തിയ പ്രസംഗത്തിന്‍റെ പേരില്‍ 1938 നവംബര്‍ 13-ാം തീയതി രാജ്യദ്രോഹക്കുറ്റം ചുമത്തി ആനിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 18 മാസത്തെ ജയില്‍വാസവും ആയിരം രൂപ പിഴയും ചുമത്തപ്പെട്ടു. ജയില്‍ മോചിതയായ ആനി വാര്‍ദ്ധയിലെത്തി 7 മാസം അവിടെ താമസിച്ചു. ദേശീയ നേതാക്കളുമായി അടുത്ത് പരിചയപ്പെടാന്‍ ഇക്കാലയളവില്‍ കഴിഞ്ഞു. തിരികെ തിരുവിതാംകൂറിലെത്തി രാജഭരണത്തിനെതിരെ ആവേശത്തോടെ പ്രവര്‍ത്തിച്ചു. 1942 ആഗസ്റ്റ് മാസം 30-ാം തീയതി വീണ്ടും അവര്‍ ജയിലഴിക്കുള്ളിലായി. രണ്ടുകൊല്ലത്തെ കഠിന തടവനുഭവിച്ച് പുറത്തിറങ്ങിയ ആനിയെ 1944 സെപ്റ്റംബര്‍ 9-ാം തീയതി സ്റ്റേറ്റ് കോണ്‍ഗ്രസ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. കുട്ടനാട് നടന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരില്‍ വീണ്ടും അവരെ അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തെ ജയില്‍ വാസത്തിനുശേഷം ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ സി.പി.യുടെ ദുര്‍ഭരണത്തെ തുറന്നു കാട്ടുന്ന പ്രചരണയോഗങ്ങളില്‍ അവര്‍ പങ്കെടുത്തു. ഉദയപൂരില്‍ അഖിലേന്ത്യാ സ്റ്റേറ്റ് കോണ്‍ഗ്രസ് സമ്മേളത്തിലും പങ്കെടുത്തിരുന്നു.
1946 ഒക്ടോബറില്‍ പുന്നപ്ര വയലാറില്‍ സി.പി.യുടെ പട്ടാളം നടത്തിയ നരനായാട്ടിനെയും കൂട്ടക്കൊലപാതകത്തെയും അപലപിക്കാന്‍ മുന്നോട്ടുവന്ന ചുരുക്കം ചില കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു ആനിമസ്ക്രീന്‍. സി.പി.യുടെ സ്വതന്ത്ര തിരുവിതാംകൂര്‍വാദത്തെയും അമേരിക്കന്‍ മോഡലിനെയും അതിനിശിതമായി തന്നെ വിമര്‍ശിച്ച് അവര്‍ മുന്നോട്ട് പോയി.
1948 ല്‍ സ്റ്റേറ്റ് ലജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആനിമസ്ക്രീന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം സ്റ്റേറ്റ് ലജിസ്ലേറ്റീവ് അസംബ്ലിയില്‍ നിന്ന് കോണ്‍സ്റ്റിറ്റ്യൂവെന്‍റ് അസംബ്ലിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയുടെ കരട് രേഖയില്‍ ഒപ്പ് വച്ച ഏക തെക്കേന്ത്യന്‍ വനിതകൂടിയായിരുന്നു ആനിമസ്ക്രീന്‍. പറവൂര്‍ റ്റി.കെ.നാരായണപിള്ള മന്ത്രിസഭയില്‍ ആരോഗ്യ ഊര്‍ജ്ജ വകുപ്പുകളുടെ ചുമതലയേറ്റ ആനി അങ്ങനെ തിരുവിതാംകൂറിലെ ആദ്യവനിതാ മന്ത്രിയുമായി. ആറുമാസക്കാലം മാത്രം ദീര്‍ഘിച്ച മന്ത്രിപദം മുഖ്യമന്ത്രിയുമായും പാര്‍ട്ടിയുമായുമുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 1950 ജനുവരി 3-ാം തീയതി രാജിവച്ചു. അഴിമതിക്കും അനീതിക്കും സ്വജനപക്ഷപാതത്തിനുമെതിരായി അവര്‍ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ധാരാളം ശത്രുക്കളെ സമ്പാദിച്ചുകൊടുത്തു. ചോരയും നീരും നല്കിവളര്‍ത്തിയ കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് മുന്നോട്ട് പോകുന്നില്ലെന്ന് ബോധ്യമായതോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. 1952 ല്‍ തിരുവനന്തപുരം പാര്‍ലമെന്‍റ് സീറ്റില്‍ സ്വതന്ത്രയായി മത്സരിച്ചപ്പോള്‍ വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. 1957 വരെ ലോകസഭാംഗമായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് വിശ്രമ ജീവിതം നയിച്ചു.


അവസാന നാളുകളില്‍ താന്‍ സ്നേഹിച്ച പ്രസ്ഥാനമോ, ആരാധകരോ, അനുയായികളോ ആരും ആനിയെത്തേടിയെത്തിയില്ല. ജീവിത ക്ലേശങ്ങളാലും രോഗങ്ങളാലും അവശയായി 1963 ജൂലൈ 19 ന് 61-ാം വയസ്സില്‍ തിരുവനന്തപുരം ജനറലാശുപത്രിയില്‍ വച്ച് ആദര്‍ശ രാഷ്ട്രീയത്തിന്‍റെ ആള്‍രൂപം ആ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. രാഷ്ട്രീയ പ്രമുഖരോ സാമൂഹ്യ ആചാര്യډാരോ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ വഴുതക്കാട്ടെ ഭവനത്തില്‍ എത്തി ചേര്‍ന്നില്ല. സംസ്ഥാന ബഹുമതിയോ ദേശീയ പതാക പുതപ്പിക്കലോ ഒന്നും ഉണ്ടായില്ല. മതാചാരപ്രകാരം മൃതശരീരം പാറ്റൂര്‍ സെമിത്തേരിയില്‍ സംസ്ക്കരിക്കപ്പെട്ടു. തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമരത്തിലും നിയമനിര്‍മ്മാണസഭകളിലും അംഗമായി പൊതുരംഗത്ത് ഉജ്ജ്വലശോഭയോടെ നിലകൊണ്ട ആനിമസ്ക്രീന്‍റെ ഓര്‍മ്മ നിലനിര്‍ത്താനായി സ്മാരകങ്ങള്‍ നിര്‍മ്മിക്കാന്‍ താന്‍ ഏറെ സ്നേഹിച്ച് ജീവന്‍ നല്കിയ പ്രസ്ഥാനമോ തിരുവനന്തപുരത്തെ സാമൂഹ്യ സാംസ്ക്കാരിക സംഘടനകളോ താല്പര്യം കാട്ടിയില്ല. തിരുവനന്തപുരം ലത്തീന്‍ അതിരൂപത മുന്‍കൈയെടുത്ത് രൂപീകരിച്ച സമിതിയുടെ നേതൃത്വത്തില്‍ ആനിമസ്ക്രീന്‍റെ പൂര്‍ണ്ണകായ പ്രതിമ വഴുതക്കാട് കുടുംബവീട്ടിന് അടുത്ത് ഗവണ്‍മെന്‍റ് വിമന്‍സ് കോളേജിന് മുന്‍വശത്ത് മുന്‍ ഉപരാഷ്ട്രപതി ഡോ.മുഹമ്മദ് ഹമീദ് അന്‍സാരി 2014 സെപ്റ്റംബര്‍ 11 ന് അനാഛാദനം ചെയ്തു. തിരുവിതാംകൂറില്‍ നടന്ന ഉത്തരവാദ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്ത് സമരമുഖത്ത് ധീരതയോടെ നിലകൊണ്ട ഈ മഹിളാ രത്നത്തിന്‍റെ വേറിട്ട വ്യക്തിത്വത്തെ മനസ്സിലാക്കാന്‍ ഇന്നത്തെ സമൂഹത്തിന് കഴിയാതെ പോയി. ആദര്‍ശ രാഷ്ട്രീയത്തിനും ലളിത ജീവിത ശൈലിക്കും ഇന്ന് അതിജീവനം സാധ്യമല്ലാത്ത കാലഘട്ടമാണല്ലോ? ഇവിടെ ആനിമസ്ക്രീന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും വേറിട്ട വഴികളും വ്യതിരക്തമായി നിലകൊള്ളുന്നു.
സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും അവസര നിഷേധവും ഈ കാലഘട്ടത്തിലും നിര്‍ബാധം തുടരുന്നു. ഇവിടെയാണ് ആനിമസ്ക്രീന്‍ എന്ന നിര്‍ഭയായ വനിതയുടെ ഒറ്റയാള്‍ പോരാട്ടവീര്യം ശ്രദ്ധിക്കപ്പെടേണ്ടത്. എണ്‍പത്തിരണ്ട് വര്‍ഷം മുമ്പ് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപംകൊണ്ടപ്പോള്‍ വനിതാ പ്രാതിനിധ്യം ആനിമസ്ക്രീനിലൂടെ സാധ്യമായത് അവരുടെ വാക് സാമര്‍ത്ഥ്യവും പോരാട്ട വീര്യവും ഒന്നുകൊണ്ട് മാത്രമായിരുന്നുവെന്ന് നാം മനസ്സിലാക്കണം. അതികായകനായ പട്ടം താണുപിള്ളയുടെ മുമ്പില്‍ പോലും തലകുനിക്കാതെ അഭിപ്രായങ്ങള്‍ തുറന്ന് പറയാനവര്‍ മടികാണിച്ചിരുന്നില്ല. സ്ത്രീയെന്ന പരിഗണനപോലും നല്കാതിരുന്ന സി.പി.യുടെ ഗുണ്ടാപടയെ ധീരതയോടെ നേരിട്ട ആനിമസ്ക്രീന്‍റെ സമരവീര്യം അവസരസമത്വത്തിനും നീതിക്കുമായി പടപൊരുതുന്ന വനിതകള്‍ക്ക് മാതൃകയും പ്രചോദനവുമായി മാറണം.

Tags: Annie MascreneHistoryTravancorewomen
Previous Post

ആനി മസ്ക്രീൻ : 57-ാം ചരമ വാർഷികം

Next Post

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ലോക്ക് ഡൗണ്‍ നീട്ടി

Next Post

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ലോക്ക് ഡൗണ്‍ നീട്ടി

Please login to join discussion
No Result
View All Result

Recent Posts

  • ആരാണ് വിശുദ്ധ ഡൊമിനിക്ക്? അറിയേണ്ടതെല്ലാം
  • വിഴിഞ്ഞം പദ്ധതിയും വെല്ലുവിളികളും : അവബോധ ശിൽപ്പശാലയൊരുക്കി അതിരൂപത
  • സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിക്കും, സെക്രട്ടറിയേറ്റ് വള്ളങ്ങൾ കൊണ്ട് നിറയ്ക്കും
  • വിഴിഞ്ഞം തുറമുഖ നിർമ്മാണമുയർത്തുന്ന വെല്ലുവിളികൾ : ഏകദിനശില്പശാല നാളെ
  • വിശ്രമമില്ലാത്ത മിഷനറി പ്രവർത്തനങ്ങൾക്കൊടുവിൽ വിശ്രമനാട്ടിലേക്ക് മടങ്ങി സിസ്റ്റർ മേരിക്കുട്ടി

Recent Comments

  • Trivandrum Media on തിരുവനന്തപുരത്ത് ആൻറണി രാജുവിന്റെ വിജയം നൽകുന്ന തിരിച്ചറുവുകൾ
  • Jose Thomas on തീരദേശവാസികളെ അവഹേളിച്ചതിനെതിരെ ആർച്ച്ബിഷപ് സൂസപാക്യം
  • Numbers Jehlicka on ഗിരിപ്രഭാഷണത്തെക്കുറിച്ചു പുസ്തകമെഴുതി മെത്രാന്റെ അധ്യാപകൻ
  • Giuseppe Haessly on ബുറേവി 4ന് തിരുവനന്തപുരത്തെത്തും; മത്സ്യബന്ധനത്തിന് സമ്പൂർണ്ണ വിലക്ക്
  • martin on 90 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂയിസ്‌ കാത്തലിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

Categories

  • About Us
  • Announcements
  • Archdiocese
  • Articles
  • Column
  • Covid
  • Education
  • Episcopal Ordination
  • International
  • Live With Covid
  • Ministry
  • National
  • News
  • Obituary
  • Parish
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women

Recent Posts

  • ആരാണ് വിശുദ്ധ ഡൊമിനിക്ക്? അറിയേണ്ടതെല്ലാം
  • വിഴിഞ്ഞം പദ്ധതിയും വെല്ലുവിളികളും : അവബോധ ശിൽപ്പശാലയൊരുക്കി അതിരൂപത
  • സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിക്കും, സെക്രട്ടറിയേറ്റ് വള്ളങ്ങൾ കൊണ്ട് നിറയ്ക്കും
  • വിഴിഞ്ഞം തുറമുഖ നിർമ്മാണമുയർത്തുന്ന വെല്ലുവിളികൾ : ഏകദിനശില്പശാല നാളെ
August 2022
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Jul    
  • Archbishop Life
  • Episcopal Ordination
  • Home

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

No Result
View All Result
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Episcopal Ordination

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.