Daily Verses

09.05.2024
അനുദിന വിശുദ്ധ(ൻ/ർ) : സ്വീഡനിലെ വിശുദ്ധ നിക്കോളാസ്

🧾ഒന്നാം വായന > അപ്പ. പ്രവ. 18 : 1 – 8
ഇതിനുശേഷം പൗലോസ് ആഥന്‍സ് വിട്ടു കോറിന്തോസില്‍ എത്തി. അവന്‍ പോന്തസുകാരനായ അക്വീലാ എന്ന ഒരു യഹൂദനെ കണ്ടുമുട്ടി. അവന്‍ തന്റെ ഭാര്യയായ പ്രിഷില്ലയോടൊപ്പം ആയിടെ ഇറ്റലിയില്‍നിന്ന് എത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്തെന്നാല്‍, എല്ലാ യഹൂദരും റോമാ വിട്ടുകൊള്ളണമെന്ന് ക്ലാവുദിയൂസിന്റെ കല്‍പനയുണ്ടായിരുന്നു. പൗലോസ് അവരുടെ വീട്ടില്‍ച്ചെന്നു. അവര്‍ ഒരേ തൊഴില്‍ക്കാരായിരുന്നതുകൊണ്ട് അവന്‍ അവരുടെകൂടെ താമസിക്കുകയും ഒന്നിച്ചു ജോലിചെയ്യുകയും ചെയ്തു. കൂടാരപ്പണിയായിരുന്നു അവരുടെ ജോലി. എല്ലാ സാബത്തിലും അവന്‍ സിനഗോഗില്‍വച്ച് സംവാദത്തില്‍ ഏര്‍പ്പെടുകയും യഹൂദരെയും ഗ്രീക്കുകാരെയും വിശ്വസിക്കാന്‍ പ്രേരിപ്പിക്കുകയുംചെയ്തു. സീലാസും തിമോത്തേയോസും മക്കെദോനിയായില്‍നിന്ന് എത്തിച്ചേര്‍ന്ന അവസരത്തില്‍, യേശുവാണ് ക്രിസ്തുവെന്നു സാക്ഷ്യം നല്‍കിക്കൊണ്ട്, യഹൂദര്‍ക്കുബോധ്യം വരുത്താനുള്ള തീവ്രശ്രമത്തിലായിരുന്നു പൗലോസ്. അവര്‍ അവനെ എതിര്‍ക്കുകയും ദൂഷണം പറയുകയും ചെയ്തപ്പോള്‍, അവന്‍ സ്വന്തം വസ്ത്രങ്ങള്‍ കുട ഞ്ഞുകൊണ്ട് അവരോടു പറഞ്ഞു: നിങ്ങളുടെ രക്തം നിങ്ങളുടെ തന്നെ ശിരസ്‌സില്‍ പതിക്കട്ടെ. ഞാന്‍ നിരപരാധനാണ്. ഇനി ഞാന്‍ വിജാതീയരുടെ അടുക്കലേക്കു പോകുന്നു. അവിടംവിട്ട് അവന്‍ ദൈവഭക്തനായ തീസിയോസ്‌യുസ്‌തോസ് എന്നൊരുവന്റെ വീട്ടിലേക്കു പോയി. സിനഗോഗിനുതൊട്ടടുത്തായിരുന്നു അവന്റെ വീട്. സിനഗോഗധികാരിയായ ക്രിസ്പൂസും അവന്റെ കുടുംബം മുഴുവനും കര്‍ത്താവില്‍ വിശ്വസിച്ചു. കോറിന്തോസുകാരില്‍ പലരും വചനംകേട്ടു വിശ്വസിക്കുകയും ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്തു.

🎶പ്രതിവചന സങ്കീർത്തനം>
കർത്തവു തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി

🎚 സുവിശേഷം> യോഹന്നാൻ 16 : 16 – 20
അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല. വീണ്ടും അല്‍പ സമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും. അപ്പോള്‍ അവന്റെ ശിഷ്യന്‍മാരില്‍ ചിലര്‍ പരസ്പരം പറഞ്ഞു: അല്‍പ സമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല, വീണ്ടും അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും എന്നും, ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നു എന്നും അവന്‍ നമ്മോടു പറയുന്നതിന്റെ അര്‍ഥമെന്താണ്? അവര്‍ തുടര്‍ന്നു: അല്‍പസമയം എന്നതുകൊണ്ട് അവന്‍ എന്താണ് അര്‍ഥമാക്കുന്നത്? അവന്‍ പറയുന്നതെന്താണെന്നു നമുക്കറിഞ്ഞുകൂടാ. ഇക്കാര്യം അവര്‍ തന്നോടു ചോദിക്കാന്‍ ആഗ്രഹിക്കുന്നു എന്നു മനസ്‌സി ലാക്കി യേശു പറഞ്ഞു: അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല, വീണ്ടും അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും എന്നു ഞാന്‍ പറഞ്ഞതിനെപ്പറ്റി നിങ്ങള്‍ പരസ്പരം ചോദിക്കുന്നുവോ? സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.